Thursday, 9 April 2015

വിഷുവിന്‌ വിഷമില്ലാത്ത പച്ചക്കറി


കൊച്ചി: വിഷു ആഘോഷങ്ങളോടനുബന്ധിച്ച്‌ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാടന്‍ പച്ചക്കറികളുടെയും രാസവളങ്ങള്‍ പ്രയോഗിക്കാത്ത നൂറില്‍ പരം മാമ്പഴങ്ങളുടെയും ചക്കകളുടെയും പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിക്കുന്നു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്‌മയാണ്‌ സംഘാടകര്‍. നാളെ മുതല്‍ മെയ്‌ രണ്ടു വരെ രാവിലെ 11 മുതല്‍ വൈകിട്ട്‌ 7 വരെയാണ്‌ പ്രദര്‍ശനം. മേള നാളെ രാവിലെ 11ന്‌ ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. വിവിധയിനം കായകളും 63ല്‍ പരം നാടന്‍ പച്ചക്കറികളും അപൂര്‍വയിനം പഴങ്ങളും വില്‍പ്പനക്കുണ്ടാവും. ചക്കയുടെ വിവിധ ഇനങ്ങളായ താമര ചക്ക, തേങ്ങാ ചക്ക, കണിച്ചക്ക, തേന്‍വരിക്ക എന്നിവയുടെയും പ്രദര്‍ശനവും വില്‍പ്പനയുമുണ്ടാവും. വിദഗ്‌ദര്‍ തയ്യാറാക്കുന്ന ചക്ക കൊണ്ടുള്ള പ്രഥമന്‍, ചക്ക മടല്‍കൊണ്ടുള്ള കൊക്കുവട, ചക്കവരട്ടി, ചക്ക അട, ചക്ക എരിശേരി, മാമ്പഴ പ്രഥമന്‍, മാമ്പഴം വരട്ടിയത്‌ തുടങ്ങിയവ ചെറിയ നിരക്കില്‍ ലഭ്യമാക്കും. വിഷുവിന്‌ ചക്ക പായസവും മാമ്പഴ പായസവും മുന്‍കൂട്ടി ബുക്ക്‌ ചെയ്യാനുള്ള അവസരവുമുണ്ട്‌. നാളികേരം ഉള്‍പ്പെടെയുള്ള 63 ഇനം പച്ചക്കറികള്‍ അടങ്ങിയ കിറ്റ്‌ ഒരു കിലോയ്‌ക്ക്‌ 28 രൂപ നിരക്കിലും ഇവിടെ വാങ്ങാനാവും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 82899 33607, 94474 48577 നമ്പറുകളില്‍ ബന്ധപ്പെടാം. ലാസര്‍ ഉണ്ണി, ടിന്‍സണ്‍ ജോര്‍ജ്ജ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

No comments:

Post a Comment